ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.(transport minister seeks report on ksrtc service)
നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീർഘദൂര സർവീസുകൾ നടത്താനാണ് തീരുമാനം. ഡീസൽ ഉപഭോഗം, കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ചും വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമത്തെ നേരിടാനായിരുന്നു കെ.എസ്.ആർ.ടി.സി ശ്രമം.