സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി വോട്ട് ചെയ്യാനാകുന്നതിന്‍റെ സന്തോഷത്തിലാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഇത്തവണ 119 ട്രാന്‍സ് ജെന്‍ഡറുകള്‍ക്കാണ് വോട്ടവകാശം ലഭിച്ചത്. പക്ഷേ തേര്‍ഡ് ജെന്‍റര്‍ എന്ന് രേഖപ്പെടുത്തിയാണ് ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം.
മുമ്പ് രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് ഉള്ള്യേരി സ്വദേശി ഭാവന സുരേഷിന് ഇത്തവണത്തെ വോട്ട് ഇത്തിരി സ്പെഷ്യലാണ്. റപ്പായി എന്ന പേരിലായിരുന്നു രണ്ട് തവണയും വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണയത് സ്വന്തം വ്യക്തിത്വം അംഗീകരിച്ച് കൊണ്ടാണ് എന്ന സന്തോഷത്തിലാണ് ഭാവന. കന്നി വോട്ടിന്‍റെ സന്തോഷത്തിലാണ് സിസിലി ജോര്‍ജ്ജും. പക്ഷേ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തുന്നതിന് പകരം മൂന്നാംലിംഗം എന്നാണ് സിസിലിയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് തിരുത്തി വോട്ട് ചെയ്യാനാകുമെന്നാണ് സിസിലിയുടെ പ്രതീക്ഷ. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ 119 പേര്‍ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. 41പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ആലപ്പുഴയും വയനാടുമൊഴിച്ചുള്ള എല്ലാ ജില്ലകളിലും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്.