Kerala

ട്രെയിൻ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടിയ നടപടി ക്രൂരം: കെ.സുധാകരന്‍ എംപി

ട്രെയിനില്‍ യാത്രക്കാരനെ പൊലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ടിക്കറ്റില്ലെങ്കില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. തെരുവുഗുണ്ടകളുടെ പ്രവര്‍ത്തന ശൈലിയല്ല പൊലീസ് കാട്ടേണ്ടത്. പിണറായി വിജയന്റെ പൊലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്. ജനങ്ങളെ ആക്രമിക്കാന്‍ പൊലീസിന് അധികാരമില്ല. പ്രതികരിക്കേണ്ടിടത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നില്ല.

ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമ പരമ്പകള്‍ക്ക് കാരണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ശ്രദ്ധിക്കാന്‍ സമയമില്ല. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും അക്രമസംഭവങ്ങള്‍ തടയാനും ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയ മന്ത്രിയെ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പൊലീസിനെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സിപിഎമ്മിന്റെ സെല്ലുകളാണ്.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തുടരെ പരാജയപ്പെട്ടു. പൊലീസിന്റെ അഴിഞ്ഞാട്ടവും ജനങ്ങളുടെ മേലുള്ള കുതിരകയറ്റവും തുടര്‍ക്കഥയാകുന്നത് സര്‍ക്കാരിന്റെ കഴിവുകേട് കൊണ്ടാണ്. പൊലീസിന്റെ വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം. ഒരുകാലത്തും ഉണ്ടാകാത്ത വിധമുള്ള ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും സുധാകരന്‍ പറഞ്ഞു.