നാല് ദിവസം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് മീനങ്ങാടി സ്വദേശിനിയായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്നു ദിവസവും ട്രെയിനിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
മെയ് 31ന് എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് കാക്കവയൽ സ്വദേശിയായ പതിനാറുകാരിയെ കൊല്ലം ചടയമംഗലത്ത് വച്ചാണ് റെയിൽവെ പൊലീസ് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ ഫോട്ടോ അടക്കം പിതാവ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് കണ്ടെത്താൻ സഹായകമായത്. റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന യുവതിയെ കണ്ട് സംശയം തോന്നിയ യുവാവാണ് പോലീസിൽ വിവരം അറിയിച്ചത്. ചടയമംഗലം പൊലീസ് കൊല്ലം പൊലീസിനെ അറിയിക്കുകയായിരുന്നു. കേസന്വേഷിക്കുന്ന ചോറ്റാനിക്കര പൊലീസും കൊല്ലത്ത് എത്തിയിട്ടുണ്ട്. പെൺകുട്ടിക്കൊപ്പം അങ്കമാലി വരെ യാത്രചെയ്തിരുന്ന സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി പരിശോധനകളിൽ പെൺകുട്ടിയെ കുറിച്ചുള്ള വിവരം ലഭിക്കാതിരുന്നത് ദുരൂഹത വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ പെൺകുട്ടിയെ കണ്ടെത്തിയ വിവരമറിഞ്ഞ ബന്ധുക്കൾ കൊല്ലത്തേക്ക് തിരിച്ചു . കുടുംബവുമായി മൊബൈലിൽ സംസാരിച്ച കുട്ടി താൻ സ്വമേധയാ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് അറിയിച്ചത്. മെയ് 28ന് കോഴിക്കോട് നിന്നും എറണാകുളത്തേക്ക് തിരിച്ച പെൺകുട്ടിയെ 31 ന് കോഴിക്കോട്ടേക്ക് മടങ്ങവേയാണ് കാണാതായെന്ന് പിതാവ് ഫേസ്ബുക്കിൽ കുറിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു . കുട്ടിയെ തിരികെ ലഭിച്ചതായ വിവരവും പിതാവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.