India Kerala

അറ്റകുറ്റപ്പണികള്‍ക്കായി കുറ്റിപ്പുറം പാലം ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും

ദേശീയപാത 66ല്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് ഗതാഗത നിയന്ത്രണം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്.

ഇന്റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായാണ് ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്റര്‍ലോക്ക് ചെയ്യും. ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ വിവിധ വകുപ്പിലെ ഉദ്യാഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചര്‍ച്ച നടത്തി.

ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമാന്തര പാതകള്‍ ഗതാഗത യോഗ്യമാക്കി. ചമ്രവട്ടം വഴി പൊന്നാനി, പട്ടാമ്പി , വെല്ലിയാങ്കല്ല് വഴി വളാഞ്ചേരി എന്നീ റൂട്ടുകൾ വഴിയാണ് പകരം ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.