സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ. പുതുക്കിയ പിഴ ഈടാക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഉയർന്ന പിഴ ഈടാക്കുന്നത്.
കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടതില്ലെന്നും നോട്ടീസ് നൽകിയാൽ മതിയെന്നുമായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ പുതുക്കിയ നിരക്കിലുള്ള പിഴ തന്നെ ഈടാക്കി. അമിത വേഗത്തിന് 1500 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് ആയിരം രൂപയുമാണ് പിഴ. കോഴിക്കോട് സിറ്റിയിൽ മാത്രം പോലീസ് നടത്തിയ പരിശോധനയിൽ 110 കേസുകളിൽ നിന്നായി 86,000 രൂപയാണ് ഈടാക്കിയ പിഴ. നിർബന്ധമായി പിഴ ഈടാക്കിയിട്ടില്ലെന്നും പിഴ അടയ്ക്കാൻ തയ്യാറായവരിൽ നിന്ന് ഉദ്യോഗസ്ഥർ പണം വാങ്ങിയതാകാമെന്നാണ് ഗതാഗത മന്ത്രി നൽകുന്ന വിശദീകരണം.
കാസർകോട് നടത്തിയ വാഹന പരിശോധനയിൽ 37 വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി 25000 രൂപ ഫൈൻ ഈടാക്കി. മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതിന് പകരം നോട്ടീസ് നൽകുകയാണ് ചെയ്യുന്നത്. ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമാകും കേരളത്തിൽ പിഴ ഈടക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തുക. അതിന് ശേഷം ഇത് സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.