മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം .ഇന്റലിജൻസ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് അന്നത്തെ ഇന്റലിജിൻസ് ഡി.ജി.പി സെൻകുമാറിന് റിപ്പോർട്ട് നൽകിയത്.
ഓഡിയോ – വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾക്ക് നല്‍കുക. പൊലീസ് ഡ്രൈവറുടെ മണൽ മാഫിയ ബന്ധം,മൂന്ന് ബലാത്സംഗ കേസുകൾ പണം വാങ്ങി ഒതുക്കി എന്നിവയായിരുന്നു പൊലീസുകാർക്കെതിരായ ആരോപണം. ഡി.വൈ. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ അറിവോടെ ആയിരുന്നു പൊലീസുകാരുടെ നിയമലംഘനങ്ങളെന്നും സ്പെഷ്യൽ ബ്രാഞ്ച് ഇന്റലിജൻസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ സെൻകുമാർ തുടർ നടപടി സ്വീകരിക്കാതെ റിപ്പോർട്ട് പൂഴ്ത്തിയെന്നു കാണിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്സ് തൃശൂർ റേഞ്ച് ഐ.ജിയോട് പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഐ.ജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം .അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പൊലീസുകാർക്കെതിരെ റിപ്പോർട്ടു നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥനിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നു