വിനോദ സഞ്ചാര മേഖലയിലെ വിലക്കുകള്‍ നീങ്ങിയതോടെ മൂന്നാര്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ദീര്‍ഘകാലം അടഞ്ഞ് കിടന്ന ഹോട്ടലുകളിലെ മുറികളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
ചിന്നാര്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കൂടി തുറന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൂജാ അവധി പ്രമാണിച്ച് നൂറുകണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി, രാജമല, വട്ടവട എന്നിവിടങ്ങളില്‍ എത്തിയത്.
ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായെത്തിയവരെ ഇരുകയ്യും നീട്ടിയാണ് വ്യാപാരികള്‍ സ്വീകരിച്ചത്. മാട്ടുപ്പെട്ടിയിലെ വഴിയോരങ്ങളില്‍ സന്ദര്‍ശകരുടെ ഇഷ്ട വിഭവമായ ചോളവും ക്യാരറ്റും ഒക്കെയായി പെട്ടിക്കടകളും സജീവമാണ്. ആറ് മാസമായി പൂട്ടിക്കിടന്ന കടകളില്‍ വീണ്ടും ആളുകളെത്തി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് വ്യാപാരികളും.
അന്തര്‍ സംസ്ഥാന പാതിയിലൂടെയുള്ള സ്വകാര്യബസുകളുടെ ഗതാഗതം കൂടി പുനസ്ഥാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. ഇതോടെ കോവിഡ് കാലത്തെ തിരിച്ചടിയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് മൂന്നാര്‍.