Kerala

കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

മലപ്പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാകലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പറഞ്ഞു. തൃശൂരിലും പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊന്മുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, പാംബ്ല, കണ്ടള, മൂഴിയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.

21 ഡാമുകളുടെ ഷട്ടറുകള്‍ ഇതുവരെ ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തി.

മിന്നല്‍പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം, വയനാട് കാരാപ്പുഴ, കാഴിക്കോട് കുറ്റ്യാടി ഡാം, കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.

കോട്ടയം കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കൂട്ടിക്കല്‍ മേഖലയില്‍ മഴ ശക്തമാകുമ്പോള്‍ തന്നെ ജലനിരപ്പ് ഉയരാന്‍ പ്രദേശത്തെ ചെക്ക് ഡാം കാരണമാകുന്നുണ്ട്. ഡാം പൊളിച്ചു മാറ്റുന്നതിന് എത്രയും പെട്ടെന്ന് ഫണ്ട് അനുവാദിക്കാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ നടത്തി കൊണ്ടിരിക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥ താല്‍കാലികമായി നിര്‍ത്തി വച്ചു. മുഴുവന്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന്
രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ക്യാപ്റ്റനായ തെക്കന്‍ മേഖലാ ജാഥ പത്തനംതിട്ടയില്‍ പര്യടനം നടത്തുന്നതിനിടെയാണ് ജാഥ താല്‍ക്കാലികമായി നിര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ മുഴുവന്‍ സഖാക്കള്‍ പങ്കെടുക്കുവാനും നിര്‍ദേശം നല്‍കിയതായും വി.കെ.സനോജ് പറഞ്ഞു.