മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷമുണ്ടാക്കിയാൽ കർശന നടപടിയാകും സ്വീകരിക്കുകയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിഷേധങ്ങളിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നു. വരും ദിവസങ്ങളിലെല്ലാം പ്രതിഷേധവും സമരവും ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്കാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനാണ് നിർവഹിക്കുന്നത്.
എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരൻ എം.പി, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂരിൽ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രൻ, മലപ്പുറത്ത് പി.സി. വിഷ്‌ണുനാഥ് എം.എൽ.എ, വയനാട്ടിൽ ടി. സിദ്ധിഖ് എം.എൽ.എ, തൃശൂരിൽ ബെന്നി ബഹനാൻ എം.പി, പാലക്കാട്ട് വി.കെ. ശ്രീകണ്‌ഠൻ എം.പി, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, പത്തനംതിട്ടയിൽ വി.ടി. ബൽറാം,ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ മാർച്ച് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രി പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി.