Kerala

അതിർത്തിയിലും സ്വാതന്ത്ര്യ ദിനാഘോഷം; ദേശീയ പതാകയേന്തി സൈനികരുടെ മാർച്ച്

ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ കൊവിഡ് വെല്ലുവിളിക്ക് ഇടയിലും സമുചിതമായി സ്വാതന്ത്ര്യദിനാഘോഷം. രാജ്യാതിർത്തിയായ ലഡാക്കിലും, പാങ്ങോങിലും സൈനികർ ദേശീയ പതാക ഉയർത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തി സംസ്ഥാനതലത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കൊവിഡ് മുക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഔദ്യോഗിക വസതിയിൽ പതാക ഉയർത്തി.

വാഗാ അതിർത്തി,പാങ്ങോങ്, ലഡാക്ക് എന്നിവിടങ്ങളിൽ ഐടിബിപി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പശ്ചിമബംഗാളിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ്, ബംഗ്ലാദേശ് സൈനികർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം നൽകി. ശ്രീനഗറിൽ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ് രിവാള്‍, യോഗി ആദിത്യനാഥ്, അശോക് ഗെഹ് ലോട്ട്, ഉദ്ധവ് താക്കറെ, ക്യാപ്റ്റൻ അമരേന്ദ്ര സിംഗ് തുടങ്ങിയവർ സംസ്ഥാന കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലേയിലും ലഡാക്കിലും നടന്ന ചടങ്ങിൽ ദേശീയ പതാകയേന്തി സൈനികർ മാർച്ച് നടത്തി. സംഘർഷങ്ങളുടെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് അതിർത്തി.