ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി പൊലീസിന് ലഭിച്ച പരാതികള്‍ അന്വേഷിക്കാനാണ് സംഘം. ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഘത്തില്‍ രണ്ട് സി.ഐമാര്‍ അടക്കം ഒൻപത് പേരാണുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ സംഘത്തിലുണ്ട്. അതത് സ്റ്റേഷനുകളിലെ എസ്‌ഐമാരെയും വനിതാ സിഐയെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ കേസിലെ അഞ്ചാം പ്രതിയായ ശശികുമാരന്‍ തമ്പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ച് ഇന്റര്‍വ്യൂ നടത്തിയത് ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനെജറായ ശശികുമാരന്‍ തമ്പിയായിരുന്നു. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയില്‍ വെഞ്ഞാറമൂട് പൊലീസാണ് കഴിഞ്ഞ മാസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംക്‌ഷനിലെ വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും കേസില്‍ പ്രതിയാണ്. മാസം 75000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടെറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് അറിയിച്ച് പോസ്റ്റുകള്‍ ഇടും. പോസ്റ്റില്‍ വിവരങ്ങള്‍ തേടി വരുന്നവര്‍ക്ക് ഇന്‍ബോക്‌സില്‍ മറുപടി നല്‍കും. കൂടാതെ പണവും ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.