കൊല്ലം കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു. ഭിത്തികളിൽ വിള്ളൽ വീണു. കാരണമെന്തെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രി പതിനൊന്ന് മണിക്ക് ശേഷം രാജീവിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ഭിത്തികൾ വിണ്ടുകീറിയതായും വീട്ടുടമ പറയുന്നു. വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി. സമീപത്തെ വീടുകളിലും നേരിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ടത്.
ആദ്യമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നും വീട്ടുകാർ പറയുന്നു. അയൽവാസിയായ ആനന്ദവല്ലിയുടെ വീട്ടിലും കേടുപാടുകൾ സംഭവിച്ചു. അടുക്കള, സ്റ്റെയർ കേസ് എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. നഗരസഭാ അധികൃതർ, വില്ലേജ് ഓഫീസർ, ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.