India Kerala

തെരഞ്ഞെടുപ്പ് പ്രചാരണം: നിയന്ത്രണം ആവശ്യപ്പെട്ട് ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിയന്ത്രണം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലാണ് പ്രചാരണ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് കത്തില്‍ പറയുന്നു.

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം അതിരുവിടുകയാണെന്ന മുന്നറിയിപ്പാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്. ശബ്ദ ഉപയോഗം യാതൊരു നിയന്ത്രണവും പാലിക്കപ്പെടുന്നില്ല. വാഹന ജാഥകള്‍ നടത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രചാരണ സമയവും പാലിക്കപ്പെടുന്നില്ല. നിരോധിച്ച വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നു- ഇവയൊക്കെ സംബന്ധിച്ച് നിരവധി പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചെന്നും ടീക്കറാം മീണ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് കത്ത് പൊലീസ് ആസ്ഥാനത്ത് എത്തിയത്.

കത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ഡി.ജി.പിയെ കൂടാതെ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാന്‍ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.