ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയില്‍ നടപടിയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒൻപത് ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
ഇന്ന് നല്‍കിയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണ്, 4395 പേര്‍. കൂത്തുപറമ്പ് -2795, കണ്ണൂര്‍-1743, കല്‍പ്പറ്റ-1795, ചാലക്കുടി-2063, പെരുമ്പാവൂര്‍-2286, ഉടുമ്പന്‍ചോല-1168, വൈക്കം-1605, അടൂര് -1283 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍. മിക്കയിടത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.