മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടുള്ള ക്യാമറകളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
360 ഡിഗ്രി ആംഗിളില്‍ 136 ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇവയുടെ പ്രവർത്തനം ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും ചേംബറില്‍ ഇരുന്ന് വീക്ഷിയ്ക്കാൻ സാധിക്കും.കുറ്റവാളികള്‍, പൊലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടേയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ ഈ പ്രദേശങ്ങളിലെത്തിയാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും.
അതോടൊപ്പം കൃത്യമായി മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കാനും മോഷണം, കുട്ടികളെ കാണാതാകല്‍ എന്നിങ്ങനെയുള്ളവ തടയുന്നതിനും, വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. 18 ടി.ബി സെര്‍വറില്‍ സ്‌റ്റോര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ വര്‍ഷങ്ങളോളം സംരക്ഷിക്കുകയും ചെയ്യാം. മൂന്ന് വര്‍ഷമായി ഈ സംവിധാനം നിലവിലുണ്ടെങ്കിലും ഈ വര്‍ഷം വിപുലീകരിക്കുകയായിരുന്നു.