Kerala

സന്തോഷ് ട്രോഫി ഫുട്ബോളിന് മലപ്പുറവും മഞ്ചേരിയും ഒരുങ്ങുന്നു; ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വില്‍പന ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.

സബ് കമ്മിറ്റി യോഗം പ്രാധാമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി. കസേരക്ക് 1000 രൂപയാണ് അതിന്റെ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേര്‍ക്ക് കയറാവുന്ന 25,000 തിന്റെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പന ഒണ്‍ലൈന്‍, ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയാണ് നടക്കുക. ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പന എന്ന് തീരുമാനിച്ച് അറിയിക്കും.