India Kerala

അരൂരിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ല

അരൂരിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ല. ശനിയാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവായിരിക്കും പങ്കെടുക്കുക. പ്രധാന ഘടകകക്ഷിയായിട്ടും ബി.ഡി.ജെ.എസ് സജീവമായി രംഗത്തില്ലാത്തതില്‍ ബി.ജെ.പിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ ലഭിച്ച വോട്ട് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടാൻ സാധ്യത കുറവാണെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു.

എന്‍.ഡി.എ മുന്നണിയുടെ ഭാഗമായപ്പോള്‍ ബി.ഡി.ജെ.എസിന് നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വം പാലിച്ചില്ലെന്ന പരാതി ഉന്നയിച്ചാണ് അരൂരിലെ തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടി സജീവമാകാത്തത്. അതിന് പിന്നാലെയാണ് എസ്.എന്‍.ഡി.പിക്ക് സ്വാധീനമുള്ള അരൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കില്ലെന്ന വിവരം പുറത്ത് വരുന്നത്. ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവായിരിക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് വിട്ട് നില്‍ക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് അത് നേടിയെടുക്കാനാണ് ബി.ഡി.ജെ.എസ് ശ്രമമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു. പാലായിലേത് പോലെ എസ്.എന്‍.ഡി.പി വോട്ടുകള്‍ എല്‍.ഡി.എഫിന് പോകാനുള്ള സാധ്യതയും ബി.ജെ.പി നേതാക്കള്‍ തള്ളിക്കളയുന്നില്ല. ബി.ഡി.ജെ.എസിന്റെ പിന്മാറ്റം എൻ.ഡി.എയുടെ വോട്ട് കുറയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ തുറന്ന് പറഞ്ഞു.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളി സ്ഥലത്ത് ഇല്ലാത്തതിനാലാണ് പ്രചരണ രംഗത്ത് കാണാത്തതെന്നും പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടെന്നുമാണ് ബി.ഡി.ജെ.എസ് വ്യക്തമാക്കുന്നത്.