ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാതിരിക്കാൻ ബി.ജെ.പി യിൽ നീക്കം. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് കഴക്കൂട്ടത്ത് മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം അഭ്യർഥിച്ചതായാണ് പുറത്തുവരുന്ന സൂചനകള്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം മത്സരിക്കാനുള്ള നറുക്ക് വീണേക്കും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വീണ്ടും ശോഭയെ ബി.ജെ.പി സംസ്ഥാന നേതൃത്വം തഴയുന്നതിന്‍റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്ന തുഷാറിനെ കഴക്കൂട്ടത്ത് മത്സരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്. ബി.ഡി.ജെ.എസിന്‍റെ മുഴുവൻ സീറ്റുകളിലും ഇതിനോടകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞിരുന്നു. അപ്പോഴെല്ലം തുഷാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരുന്നത്. ശോഭാ സുരേന്ദ്രനെ തഴയുന്നതിനൊപ്പം, കഴിഞ്ഞ തവണ എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതും തീരുമാനം പുനഃപരിശോധിക്കാന്‍ തുഷാറിനെ പ്രേരിപ്പിച്ചേക്കും.