Kerala

തൃശൂര്‍ പൂരം; ഇന്ന് രാത്രി സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി

ആളും ആരവവുമില്ലെങ്കിലും തൃശൂര്‍ പൂരത്തിനായി പൂര നഗരി അണിഞ്ഞൊരുങ്ങുകയാണ്. ഇന്ന് രാത്രി സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും.

കാണാന്‍ ആരും എത്തേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. നാളെയാണ് തൃശൂര്‍ പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗാേപുരനട തള്ളി തുറക്കും. 50 പേര്‍ മാത്രമാണ് പൂര വിളംബരത്തില്‍ പങ്കെടുക്കുക.

കഴിഞ്ഞ ദിവസം പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു. പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് പ്രതീകാത്മകമായി നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങള്‍ക്ക് ആനയെ വിട്ട് നല്‍കും.ഘടക ക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കി. എട്ട് ഘടക ക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. മേളക്കാര്‍ ഉള്‍പ്പെടെ ഘടകപൂരങ്ങളില്‍ 50 ആളുകളുണ്ടാകുകയുള്ളൂ.