India Kerala

തൃശൂര്‍ പൂരം ഇന്ന്: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൂരനഗരിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങുകയാണ് പൂരപ്രേമികള്‍.

ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൃശൂരിലെ എല്ലാ വഴികളും ഇന്ന് പൂര നഗരിയിലേക്ക്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പൂരമെന്ന ലക്ഷ്യവുമായി.

ഇതിനോടകം നഗരത്തിലെത്തിയത് ആയിരങ്ങള്‍. ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പതിനൊന്നോടെ നടക്കും. പഞ്ചവാദ്യവും പാണ്ടിമേളവും ഇലഞ്ഞിത്തറ മേളവുമെല്ലാം ഇത്തവണയും ആസ്വാദകരുടെ മനസ്സില്‍ പൂരത്തിന്റെ നാദ വിസ്മയം തീര്‍ക്കും. ഇതിന് പിന്നാലെ കാത്തുവെച്ച രഹസ്യങ്ങളുടെ കെട്ടഴിച്ച് കുടകളുയര്‍ത്തും പാറമേക്കാവും തിരുവമ്പാടിയും കുടമാറ്റത്തില്‍. പിന്നെ പുലര്‍ച്ചെ വരെയുള്ള കാത്തിരിപ്പ്. വെടിക്കെട്ടിനായി, പകല്‍ പൂരത്തിനായി.