തൃശൂരില്‍ ചേര്‍ന്ന പൂരം ആലോചന യോഗത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം. സര്‍ക്കാര്‍ ഇടപെട്ട് ആനയുടെ വിലക്ക് നീക്കിയെന്ന ആന ഉടമ സംഘത്തിന്‍റെ വാദം കലക്ടര്‍ അംഗീകരിച്ചില്ല. വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തിന് ഒരാനയെ പോലും വിട്ടു നല്‍കില്ലെന്ന് ആന ഉടമ സംഘം നിലപാടെടുത്തു. വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ യോഗത്തെ അറിയിച്ചു.
പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. സ്ഥിരമായി ഇടയുന്നെന്ന് കാണിച്ചു ആനക്ക് ഇപ്പോള്‍ ഉല്‍സവങ്ങളില്‍ വിലക്കാണ്. നേരത്തെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആനയുടെ വിലക്ക് നീക്കിയെന്ന ആന ഉടമ സംഘത്തിന്‍റെ നിലപാട് കലക്ടര്‍ ടി.വി അനുപമ അംഗീകരിച്ചില്ല. നാട്ടാന നിരീക്ഷണ സമിതിയുടെ യോഗത്തില്‍ ഒൌദ്യോഗികമായി വിലക്ക് നീക്കിയതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു. ഇതോടെ ആന ഉടമ സംഘ പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേറ്റു.
വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ യോഗത്തെ അറിയിച്ചു. വിലക്ക് നീക്കിയില്ലെങ്കില്‍ ഒരാനയേയും പൂരത്തിന് വിട്ടു നല്‍കില്ലെന്ന് ആന ഉടമ സംഘവും നിലപാടെടുത്തു. മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂരം കെങ്കേമമായി നടത്തുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പ്രതികരിച്ചു.