തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും.
ആലിന്റേയും മാവിന്റേയും ഇലകൾ കൊണ്ട് അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തുക. അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പലസമയങ്ങളിലായി മറ്റു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും. പാറമേക്കാവിൽ കൊടിയേറ്റത്തിനു ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം നടക്കും. തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചതിരിഞ്ഞാണ് മേളവും ആറാട്ടും.
തൃശൂർ പൂരത്തിന് ഇനി ആറു ദിവസം മാത്രമാണുള്ളത്. കൊടികയറുന്നതോടെ ഇന്നു മുതൽ തൃശൂർ നഗരം പൂരാവേശത്തിലേക്ക് കടക്കും.