Kerala World

തൃശൂര്‍ പൂര വിളംബരമായി

തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. നാളെയാണ് പൂരം. പൂരനഗരിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് നെയ്തലക്കാവില്‍ അമ്മ എത്തിയത്. നടതള്ളിത്തുറന്ന് ശിവകുമാര്‍ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു.കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി നാളെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും