India Kerala

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ കയ്പമംഗലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട മനോഹരൻ ഉപയോഗിച്ച കാർ മലപ്പുറം അങ്ങാടിപുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

കയ്പമംഗലം മൂന്ന്പീടിക സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പോലീസ് ഇക്കാര്യം സ്‌ഥിരീകരിക്കുന്നില്ല. പെട്രോൾ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷൻ രാത്രി മനോഹരൻ വീട്ടിൽ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകൽ അക്രമികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. പണം ഇല്ലെന്നു കണ്ടപ്പോൾ കാറുമായി കടന്നു കളയാൻ അക്രമി സംഘം തീരുമാനിച്ചു. ഇത് ചെറുത്തപ്പോഴാണ് മനോഹരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു. അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് മനോഹരൻ ഉപയോഗിച്ച കാർ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് കാർ വന്നതെന്നും കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷി പറഞ്ഞു.

ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ചു കാർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലും പോലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. എറണാകുളത്തേക്കു ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ മർദിച്ചു റോഡിൽ തള്ളിയ ശേഷം അക്രമി സംഘം കാറുമായി കടന്നു കളയുക ആയിരുന്നു കാർ കാലടിയിൽ നിന്ന് പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.