Kerala

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും. ഇന്ന് 9 പരാതികളിൽ കൂടി കേസെടുത്തു. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും എട്ടെണ്ണം പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. തൃശൂർ ഈസ്റ്റ് എസ്ഐ നിഖിലിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൻറെ ഉടമയായ പാണഞ്ചേരി ജോയി, ഭാര്യ കൊച്ചുറാണി എന്നിവരുൾപ്പെടെയുള്ള പ്രതികളെ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനകം അറുപതോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരായ നിക്ഷേപകർ ഇതിനകം പരാതിയും പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയിൽ കോടികൾ നിക്ഷേപിച്ച രാഷ്ട്രീയ നേതാക്കളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടും എന്നുള്ളതാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇവരാരും ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. പ്രതികളെ പിടികൂടാൻ പൊലീസ് വൈകുന്ന സാഹചര്യത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ വടൂക്കരയിൽ നിക്ഷേപകരുടെ യോഗം ചേരും.

നിലവിൽ ഇരുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നുള്ളതാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. പ്രതികൾ തൃശൂർ കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചിട്ടുണ്ട്. 20ന് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇവർ രാജ്യം വിടാനുള്ള സാധ്യത ഇല്ല എന്നുള്ള തരത്തിലാണ് ഇപ്പോഴും പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.