Kerala

ചാലക്കുടി പുഴയിൽ ജലനിരപ്പുയരാൻ സാധ്യത; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

തൃശൂർ ജില്ലയിൽ കനത്ത മഴ. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. (thrissur heavy rain chalakkudi)

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്‌വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം.

ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല.

മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.