തൃശൂർ ചാലക്കുടിയിലെ അടിപ്പാത മേയ് മുപ്പതിനകം തുറന്നുകൊടുക്കാനാകും. നാലവർഷത്തോളം നീണ്ട യാത്ര ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. ടി ജെ സനീഷ്‌കുമാർ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ വിലയിരുത്തി.
ദേശീയപാത ചാലക്കുടിയിൽ അടിപ്പാത നിർമാണം അവസാനഘട്ടത്തിലേക്കടുക്കുകയാണ്. എന്ന് തീരും ഈ പാതയുടെ നിർമാണമെന്ന് ചാലക്കുടിക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് നാലര വർഷമായി… നിർമാണം ഏറ്റെടുത്ത കമ്പനികൾ പാതി വഴിയിലുപേക്ഷിച്ച പദ്ധതിയാണിത്. ആറ് മാസം മുമ്പാണ് പെരുമ്പാവൂർ ആസ്ഥാനമായ ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിർമാണ കരാർ ഏറ്റെടുക്കുന്നത്. ഇതോടെ നിർമാണത്തിന് വേഗം കൂടി. പലപ്പോഴും പാലം നിർമാണത്തിനാവശ്യമായ മണ്ണ് ലഭ്യത വിലങ്ങുതടിയായി. ഇതോടെ നിർമാണം വൈകുമെന്ന ആശങ്കയുണ്ടായി. ജില്ലാ ഭരണകൂടവും ജിയോളജി വകുപ്പും ഇടപെട്ട് മണ്ണ് ലഭ്യത ഉറപ്പാക്കിയതോടെ പ്രശ്‌നപരിഹാരമായി. മേയ് അവസാനത്തോടെ പാത തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. അടിപ്പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ എംഎൽഎ ടിജെ സനീഷ് കുമാർ ജോസഫും ജില്ലാ കലക്ടർ കൃഷ്ണതേജയും സ്ഥലത്തെത്തി. കരാർ കമ്പനി പ്രതിനിധികളായ പ്രൊജക്ട് കോ-ഓഡിനേഷൻ മാനേജർ അജീഷ് അകതിയൂർ, എജിഎം ജോസഫ് അജിത്ത്. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയർ അർജുൻ എന്നിവർ നിർമാണ പുരോഗതിയെ കുറിച്ച് വിവരിച്ചു.
മേയ് പകുതിയോടെ ടാറിംഗ് തുടങ്ങും. നിർമാണത്തിൻറെ ഭാഗമായി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തിയും സംരക്ഷണഭിത്തി നിർമ്മാണവും പത്ത് ദിവസത്തിനകം പൂർത്തിയാകുമെന്നും കരാർ കമ്പനി അധികൃതർ ഉറപ്പ് നൽകി. രാത്രിയും പകലും രണ്ട് ഷിഫ്റ്റുകളിലായി എഴുപത്തിയഞ്ചോളം തൊഴിലാളികൾ നിർമ്മാണപ്രവൃത്തിയിൽ ഏർപ്പെടുന്നുണ്ട്.