തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിലെ പ്രതിഷേധത്തില്‍ ചെയര്‍ പേഴ്‌സണ്‍ അജിതാ തങ്കപ്പന് സംരക്ഷണം നല്‍കാത്തതിനെതിരെ ഹൈക്കോടതി. നഗരസഭയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കോടതി പൊലീസിന് നോട്ടിസ് അയച്ചു. ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. നഗരസഭയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
അജിത തങ്കപ്പന്റെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ചെയര്‍പേഴ്‌സന്റെ ചേംബറിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. അജിത തങ്കപ്പനെ ചേംബറിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നഗരസഭാ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. അതേസമയം, ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരസഭയില്‍ അനൗദ്യോഗിക യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ അജിത് തങ്കപ്പന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.
അതേസമയം ചെയര്‍പേഴ്‌സണെതിരെ കൃത്യമായ തെളിവുകള്‍ നിരത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട്. ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്നാണ് ആരോപണം.
ഓണസമ്മാന വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി തേടിയതിന് പിന്നാലെയാണ് കോടതി സംരക്ഷണം ഒരുക്കാത്തതില്‍ പൊലീസിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. നഗരസഭയിലെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിഷേധം ഇന്നും തുടരും.