Kerala

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര തോൽവി ചർച്ചയാകും

വെള്ളിയാഴ്ച്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിച്ചേക്കും. എന്നിട്ടാകും ജില്ലാതല റിവ്യു നടക്കുന്നത്. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണ്.

2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്‍റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.

തോൽവി സംബന്ധിച്ച് ബിജെപിയിലും അസ്വസ്ഥത പുകയുകയാണ്. പാർട്ടിയിലെ വിഭാഗീയതയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതും തിരിച്ചടിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ. വോട്ട് ചോർച്ചയടക്കം കാര്യമായി പരിശോധിക്കാനാണ് ബിജെപി തീരുമാനം. നാളെ നടക്കുന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പങ്കെടുക്കും.

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളോട് കണ്ണടയ്ക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന നേതാവ് ഡൊമനിക് പ്രസൻ്റേഷൻ അടക്കമുള്ള നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങൾ വലിയ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരപരാധമായി കാണേണ്ടതില്ലെന്നാണ് തീരുമാനം.

എന്നാൽ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ ഇത്തരം പ്രസ്താവനകൾ പ്രവർത്തകരിൽ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവുമുണ്ടാക്കുമെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. തൃക്കാക്കര മോഡൽ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനും വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാനുമാണ് കോൺഗ്രസ് തീരുമാനം.