Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; അപ്രതീക്ഷിത നീക്കവുമായി യുഡിഎഫ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡെ. കളക്ടറെ സ്ഥലംമാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് യുഡിഎഫ് പരാതി നൽകി. എറണാകുളം, കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെയാണ് പരസ്പരം മാറ്റിയത്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

തൃക്കാക്കരയിൽ വിജയിക്കുന്നതോടെ എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും അവതരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. യു.ഡി.എഫ് വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ യു.ഡി.എഫ് നിലവാര തകർച്ചയിലേക്ക് പോവുകയാണ്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ കണ്ടതുപോലുള്ള റിസൾട്ട് തൃക്കാക്കരയിലും ആവർത്തിക്കും. ജീവിതത്തിൽ ഇന്നുവരെ എൽഡിഎഫിന് വോട്ട് ചെയ്യാത്തവർപോലും തൃക്കാക്കരയിൽ ജോ ജോസഫിന് വോട്ടുചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. പെരുന്നയിലെത്തിയത് അനു​ഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പിടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളെ കണ്ട് പിന്തുണ ആവശ്യപ്പെടാറുണ്ടെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളും ബിഷപ്പുമാരെയും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറിയെയും എൻഎസ്എസ് ജനറൽ സെക്രട്ടറിയെയുമൊക്കെ കാണാറുണ്ട്. മതേതരത്വം മതത്തിനെ നിഷേധിക്കലല്ല, ചേർത്തു നിർത്തലാണ്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിച്ചു.