Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇത്തവണ 6 തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും 6 പോസ്റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. എട്ട് മണിയോടെ തന്നെ വോട്ടിം​ഗ് ആരംഭിക്കുമ്പോൾ തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാകും എണ്ണി തുടങ്ങുക.

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കാണ് തപാൽ വോട്ടുകൾ അനുവദിച്ചിട്ടുള്ളത്. സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റെഡ് പോസ്റ്റൽ ബാലറ്റ് അഥവാ സർവീസ് വോട്ടുകൾ അനുവദിക്കുന്നത്.

വളരെ കുറച്ച് തപാൽ വോട്ടുകളും സർവീസ് വോട്ടുകളും മാത്രമാണ് ഉള്ളത് എന്നത് കൊണ്ട് തന്നെ വിവിപാറ്റ് മെഷീനിലെ വോട്ടെണ്ണലിലേക്ക് വളരെ പെട്ടെന്ന് തന്നെ കടക്കാൻ സാധിക്കും.

ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇങ്ങനെ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകള്‍ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.