Kerala

തലശേരി ഇരട്ടക്കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍; പാറായി ബാബുവിനായി തെരച്ചില്‍

തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തെരച്ചിലാണ് നടക്കുന്നത്. ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്.

ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ഷമീറിന്റെ മകനെ കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘത്തിലെ ജാക്‌സണ്‍ എന്നയാള്‍ മര്‍ദിച്ചിരുന്നു. പാറായി ബാബു, ജാക്‌സണ്‍ എന്നിവരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നന്ന് ചികിത്സയില്‍ കഴിയുന്ന ഷെനീബ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

മകനെ മര്‍ദിച്ചതിന് ശേഷമുള്ള ഒത്തുതീര്‍പ്പെന്ന നിലയിലാണ് ജാക്‌സനും സംഘവും ഷമീര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചത്. പിന്നീട് തര്‍ക്കമായി. ഇതിനിടെ കൈയില്‍ ഒളിപ്പിച്ച കത്തികൊണ്ട് ജാക്‌സണ്‍ ഖാലിദിനെ കുത്തി. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘം ഷമീറിനേയും ഷനീബിനേയും കുത്തിയത്.