Kerala

മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം

മഴക്കാലം കേരളത്തിന് ഇപ്പോൾ ദുരിതക്കാലമാണ്. നിർത്താതെ പെയ്യുന്ന മഴയിൽ മുങ്ങുന്ന റോഡുകളും പുഴകളും വീടുകളും സ്ഥിര കാഴ്ചകളായി മാറുകയാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന കേരളത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചയായി നമ്മൾ കണ്ടതാണ്. വീണ്ടുമൊരു മഴക്കാലം എത്താനായി. കേരളത്തിന്റെ പുഴകളിൽ മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യവും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018, 2019 വർഷങ്ങളിൽ സംഭവിച്ച പ്രളയത്തിന്റെ അവശേഷിപ്പുകളാണ് ഇവ. കേരളത്തിലെ 44 പുഴകളിലായി അടിഞ്ഞുകൂടിയ എക്കലിന്റെയും ചെളിയുടെയും അളവാണിത്.

ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നല്‍കി സർക്കാർ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഈ കണക്കുകള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ 3.01 കോടി ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളില്‍ നിന്ന് നീക്കം ചെയ്യാൻ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18,52,674.33 ക്യൂബിക് മീറ്റര്‍ ചെളിയും പാഴ്വസ്തുക്കളും നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

18,52,674.33 ക്യൂബിക് മീറ്റര്‍ ചെളിയും പാഴ്വസ്തുക്കളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞിരിക്കുന്നത് പെരിയാറിലാണ്. 1.83 കോടി ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവുമാണ് പെരിയാറിൽ ഉള്ളത്. ഇതുവരെ ഇതിൽ നിന്ന് മാലിന്യങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. മണിമലയാറില്‍ നിന്ന് 28.76 ലക്ഷം ക്യുബിക് മീറ്റര്‍, മീനച്ചിലാറില്‍ നിന്ന് 15.22 ലക്ഷം ക്യുബിക് മീറ്റര്‍, പമ്പയിൽ നിന്ന് 13.21 ലക്ഷം ക്യുബിക് മീറ്റര്‍ എന്നിങ്ങനെയാണ് കണക്കുകൾ.

ഏറ്റവും കുറവ് മാലിന്യങ്ങൾ അടിഞ്ഞിരിക്കുന്നത് അയിരൂര്‍ പുഴയിലാണ്. 112 ക്യുബിക് മീറ്റര്‍. ഇത് തൊഴിലുറപ്പ് പദ്ധതി പ്രകാരം പൂർണമായും നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, റവന്യൂവകുപ്പ്, ജലസേചനവകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയപങ്കാളിത്തത്തോടെയും കൂടി മഴക്കാലത്തിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതിനുള്ള നടപടികൾ സ്വീകരിച്ചതായും അതികൃതർ വ്യക്തമാക്കി.