പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് വൈരാഗ്യമുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള എൻ ജെ ജോണിയുടെ മകള്‍. അത് തന്റെ അച്ഛൻ എഴുതിയ കത്തല്ല, അച്ഛനെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം, പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും പള്ളിവകയിലുള്ള ശത്രുതയാണെന്നും മകൾ പ്രതികരിച്ചു. എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല, അത് പൊലീസ് തന്നെ പറയട്ടെ. അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ് എൻ ജെ ജോണിയുടെ മകൾ ട്വന്റി ഫോറിനോട് പറഞ്ഞു.
തീര്‍ച്ചയായും ഇത് കണ്ടുപിടിക്കണം. ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയാം. പേര് പറയാൻ താൽപര്യമല്ല. അത് പൊലീസ് തന്നെ പറയണം. ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണ്. ഇയാൾക്ക് ശത്രുതയുള്ളയാളുകൾക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതി. ഇനി മാനസിക പ്രശ്നമാണോ എന്ന് അറിയില്ലെന്നും മകൾ വിശദീകരിച്ചു.
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കലൂർ സ്വദേശി എൻ ജെ ജോണിയുടെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.