HEAD LINES Kerala

പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥി മരിച്ച സംഭവം: ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി

കാസർ​ഗോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടം​ഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. (Threat against Kasargod SI in relation with student death)

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർ‌ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടം​ഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്. ഭീഷണി മുഴക്കി രണ്ടുപേർ വീടിന് സമീപം എത്തുമ്പോൾ രഞ്ജിത്ത് വീട്ടിൽ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും രണ്ടം​ഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

ഇന്നലെയാണ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്.