Kerala

ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിൽ വന്നു

കൊച്ചി കോർപ്പറേഷന്‍റെ ഒന്ന് മുതൽ 28 വരെ വാർഡുകളിലാണ് കർശന നിയന്ത്രണം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിൽ വന്നു. കൊച്ചി കോർപ്പറേഷന്‍റെ ഒന്ന് മുതൽ 28 വരെ വാർഡുകളിലാണ് കർശന നിയന്ത്രണം. തോപ്പുംപടി പാലം അടക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായത് രാവിലെ ഗതാഗതക്കുരുക്കിന് കാരണമാക്കി.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ദിവസേന സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതോടെയാണ് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. പ്രദേശത്ത് ഇന്നലെ മാത്രം 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചത് ജനപ്രതിനിധികളെയടക്കം അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പ്രദേശത്ത് സമ്പൂർണ ലോക്ഡൗണില്ലെന്ന തരത്തിൽ രാവിലെ വന്ന വാർത്തകളും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടായി. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയവരെ തിരിച്ചയക്കാൻ തോപ്പുംപടി പാലം താൽക്കാലികമായി അടച്ചുവെങ്കിലും പിന്നീട് തുറന്ന് കൊടുത്തു. വരും ദിവസങ്ങളിൽ ലോക് ഡൗൺകൂടുതൽ കർശനമാക്കാനാണ് തീരുമാനം.