സാമ്പത്തികമായി കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിനുള്ള ഗ്രാന്‍ഡുകളും വായ്പകളും വെട്ടിക്കുറച്ചുവെന്നും ഈയൊരു സാഹചര്യത്തില്‍ ചെലവുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു.10,233 കോടി രൂപയാണ് അവസാനപാദം വായ്പയായി അനുവദിക്കേണ്ടത്, എന്നാല്‍ 1900 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
ജി.എസ്.ടി കോമ്പന്‍സേഷന്‍ ഇനത്തില്‍ കിട്ടേണ്ട 1600 കോടി കിട്ടിയില്ല, കേന്ദ്രനികുതിയുടെ 42 ശതമാനം കിട്ടേണ്ടതായിരുന്നുവെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്, ഒരു കാലത്തുമില്ലാത്ത ഞെരുക്കത്തിലാണ് ഖജനാവ്, ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും ഐസക് വ്യക്തമാക്കി.
2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചിരുന്നു. പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കം.