എം.എൽ.എ എന്നതിലുപരി കുട്ടനാട്ടുകാർക്ക് അച്ചായൻ ആയിരുന്നു തോമസ് ചാണ്ടി. ദുരിത ഘട്ടങ്ങളിലൊക്കെ പദ്ധതിക്ക് കാത്തുനിൽക്കാതെ, അവർക്കൊപ്പം ചേർന്നു എന്നതാണ് പൊതു പ്രവർത്തനത്തിൽ അദ്ദേഹത്തെ വേറിട്ടു നിർത്തിയത്.
ചേന്നങ്കരി എന്ന കുട്ടനാടൻ ഗ്രാമത്തിൽ നിന്നാണ് സംരംഭകനും പൊതു പ്രവർത്തകനുമായ തോമസ് ചാണ്ടിയുടെ വളർച്ച. ടെലികമ്യൂണിക്കേഷൻ ഡിപ്ലോമ കഴിഞ്ഞു, വിദേശത്ത് സ്റ്റോർകീപ്പർ ആയി തുടക്കം. കഠിനപ്രയത്നം അദ്ദേഹത്തെ കുവൈത്തിൽ 3 സ്കൂളുകളുടെയും, സൗദി അറേബ്യയിൽ ഒരു സ്കൂളിന്റെയും ഉടമ ആക്കി. ലേക്ക് പാലസ് റിസോർട്ട്, അറ്റ്ലാന്‍ഡ ട്രാവൽസ് എന്നിവ പിന്നീട് തുടങ്ങിയ സംരംഭങ്ങളാണ്.
കുട്ടനാട്ടുകാരുടെ ജീവിതത്തിനുമേൽ ജല നിരപ്പ് ഉയർന്ന ഘട്ടങ്ങളിലൊക്കെ തോമസ് ചാണ്ടി അവർക്ക് കരയിലേക്കുള്ള ദൂരം കുറച്ച സാന്നിധ്യം ആയിരുന്നു. പലപ്പോഴും സർക്കാർ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ, എം.എൽ.എ അവർക്ക് കൈത്താങ്ങായി.
ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് കുറച്ച് നാളുകളായി നിയമസഭാ സമ്മേളനം ഉള്‍പ്പെടെയുളള പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ആലപ്പുഴ കുട്ടനാട്ടിൽ നടക്കും. തിങ്കളാഴ്ച 3 മണിക്ക് മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കി.