Kerala

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആർ 44.2%

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടിപിആർ 44.2% ആണ്. തലസ്ഥാന ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ പോസിറ്റീവ് എന്ന നിലയിലാണ് നിലവിൽ രോഗവ്യാപനം. ( thiruvananthapuram tpr 44.2 )

നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചും ജനവാസ മേഖലകൾ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് സിഎഫ്എൽടിസികൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ചയുണ്ടെന്ന് വിമർശനം ഉയരുന്നുണ്ട്.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആർ കുതിച്ചുയർന്നു. ടി.പി.ആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തിൽ തുടരുമ്പോഴാണ് കേരളത്തിൽ ടി.പി.ആർ ദിനംപ്രതി കുതിക്കുന്നത്.

ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയർന്നു. ജനുവരി 16ന് 30 കടന്ന ടിപിആർ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തിൽ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറിൽ ഉണ്ടായ വർധന 21%. സംസ്ഥാനത്തെ രോഗ വ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

കഴിഞ്ഞ ആഴ്ച അപേക്ഷിച്ച് കൊവിഡ് കേസുകളിൽ 182 ശതമാനം വർധന. ഇന്നലത്തെ ടിപിആർ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡൽഹിയിലെ 28% ബംഗാൾ 26.43% മഹാരാഷ്ട്രയിൽ 20.76% തമിഴ്‌നാട്ടിൽ 17% കർണാടകയിൽ 12.45 ശതമാനവുമാണ് ടെസ്റ്റ് പോസ്റ്റ് നിരക്ക്. ടിപിആർ നിരക്കിൽ കേരളത്തിന് മുന്നിലുള്ളത് താരതമ്യേന ചെറിയ സംസ്ഥാനമായ ഗോവയാണ്. 41.52% ആണ് ഗോവയിലെ ഇന്നലത്തെ ടിപിആർ. ഗോവിൽ ഇന്നലെ 5236 സാമ്പിളുകളാണ് പരിശോധിച്ചത്. 2174 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കേരളത്തിൽ ഇന്നലത്തെ കേസുകൾ 22,846ഉം, നടത്തിയ സാമ്പിൾ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന ടിപിആർ തിരുവനന്തപുരം ജില്ലയിലാണ്(44.02%). ജില്ലയിൽ പരിശോധിക്കുന്ന രണ്ടുപേരിൽ ഒരാൾക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.