Kerala

തിരുവനന്തപുരത്ത് ആശാ വര്‍ക്കര്‍ക്ക് കോവിഡ്: ആമച്ചാല്‍ പിഎച്ച്സി അടച്ചു; രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 28 പേര്‍ ക്വാറന്‍റൈനില്‍

ജീവനക്കാരന് രോഗം സ്ഥിരീകരിച്ച മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസും താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആശാവര്‍ക്കര്‍ സന്ദര്‍ശിച്ച ആമച്ചല്‍ പിഎച്ച്സി അടച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ 37 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന അടച്ച ചാവക്കാട് താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

റാന്‍ഡം ടെസ്റ്റിലാണ് തിരുവനന്തപുരം ആശാവര്‍ക്കര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനക്ക് മുമ്പ് രണ്ട് ദിവസം ഇവര്‍ ജോലി ചെയ്ത കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു. ആശുപത്രി ഇന്ന് അണുവിമുക്തമാക്കും.

ആശാവര്‍ക്കറുമായി ബന്ധപ്പെട്ട സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 28 പേര്‍ ക്വാറന്‍റൈനില്‍ പോയി. അഞ്ഞൂറിലധികം പേര്‍ സമ്പര്‍ക്ക ലിസ്റ്റിലുണ്ടാകുമെന്നാണ് നിഗമനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദ്രുതകര്‍മസേനയില്‍ അംഗമായിരുന്ന ഇവര്‍ക്ക് രോഗം എവിടെ നിന്ന് വന്നുവെന്നത് വ്യക്തമല്ല.

കണ്ണൂര്‍ ഡിപ്പോയിലെ കെ എസ്ആര്‍ടിസി ഡ്രവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഡിപ്പോയിലെ 37 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരും ക്വാറന്‍റയിനിലാണ്. ഡിപ്പോയും ബസുകളും അണുവിമുക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരന് രോഗം സ്ഥിരീകരിച്ച മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം കണ്ടെത്തിയതോടെ അടച്ച ചാവക്കാട് താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ഒപി, ക്യാഷ്വാലിറ്റി, ഡയാലിസിസ് യൂണിറ്റുകൾ പ്രവര്‍ത്തനമാരംഭിച്ചു, നിയന്ത്രണങ്ങളോടൊയണ് ആശുപത്രിയുടെ പ്രവര്‍ത്തനം. പകുതി ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്.