തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചർച്ചയായ സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.പ്രതിയെ ഉടൻ പിടികൂടണമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആദ്യ ഘട്ട വീഴ്ചയെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു പേട്ട സ്റ്റേഷനിലെ രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. പരാതി കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അതേ സമയം പോലീസിനെ ന്യായീകരിച്ചു രംഗത്തെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ പിന്നീട് നിലപാട് മാറ്റി.
കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ആക്രമിച്ചത്. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നിൽ നിന്നും അജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്.