Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; ഒരു പ്രതിയെ കൂടി എന്‍ഐഎ മാപ്പുസാക്ഷിയാക്കി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിയെ കൂടി എന്‍ഐഎ മാപ്പുസാക്ഷിയാക്കി. കേസിലെ 35ാം പ്രതിയായ തിരുവനമ്പാടി സ്വദേശിയായ മുഹമ്മദ് മന്‍സൂറിനെയാണ് എന്‍ഐഎ മാപ്പുസാക്ഷിയാക്കുന്നത്. ഇതിനുള്ള അപേക്ഷ അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.

സ്വര്‍ണക്കടത്തില്‍ എന്‍ഐഎ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഒരു പ്രതി കൂടി മാപ്പുസാക്ഷിയാകുന്നത്. കൊഫേപോസ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ സന്ദീപ് നായരടക്കം അഞ്ചുപേരാണ് എന്‍ഐഎ കേസില്‍ മാപ്പുസാക്ഷികള്‍. 2019 മുതല്‍ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ പങ്കാളിയാണ് മുഹമ്മദ് മന്‍സൂര്‍.

167 കിലോഗ്രാം സ്വര്‍ണം 15 തവണയായി മന്‍സൂര്‍ കടത്തിയതായാണ് എന്‍ഐഎ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകരിലൊരാളായ മുഹമ്മദ് ഷാഫിയുമായി ചേര്‍ന്നായിരുന്നു മന്‍സൂറിന്റെ ഇടപെടലുകള്‍.