Kerala

18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കൊവിഡ് ബാധ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേനംകുളത്തെ കിൻഫ്രയിൽ 300 പേർക്ക് നടത്തിയ പരിശോധനയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുസ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവായി മാറുന്നത്. കേരളത്തിൽ ഇത് 36ൽ ഒന്ന് എന്ന കണക്കിലാണ്. എന്നാൽ തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

“എല്ലാ രോഗബാധിതരെയും കണ്ടെത്താനുള്ള സർവൈലൻസ് മെക്കാനിസമാണ് ജില്ലയിൽ നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടതായി ആദ്യം ശ്രദ്ധയിൽ പെട്ടത് ഈ മാസം അഞ്ചിനു പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളിൽ 15ആം തിയതിയോടു കൂടിയാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാർഗരേഖ അനുസരിച്ചാണ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വലിയ തുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കൊളത്തൂർ, പനവൂർ, കടക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ, പുതുക്കുറിശി തുടങ്ങിയ തീരദേശ മേഖലകളിൽ തുടർന്ന് ക്ലസ്റ്ററുകൾ രൂപപ്പെട്ടു.”- മുഖ്യമന്ത്രി പറയുന്നു.

തീരദേശങ്ങൾ കൂടാതെ പട്ടം, കാട്ടാക്കട. പാറശാല തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ അധികരിച്ചു കാണുന്നുണ്ട്. ഇവിടെയും പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 39809 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളാണ് ജില്ലയിൽ ചെയ്തിട്ടുള്ളത്. ഒപ്പം, സമൂഹ വ്യാപനമുണ്ടോ എന്നറിയാൻ 6983 പൂൾഡ് സെൻ്റിനൽ സാമ്പിളുകളും ചെയ്തിട്ടുണ്ട്. ഇന്നലെ 789 റുട്ടീൻ സാമ്പിളുകളും നൂറോളം പൂൾഡ് സെൻ്റിനൽ സാമ്പിളുകളും ചെയ്തു.

ജില്ലയിൽ ഇന്ന് 222 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 199 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.18 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു കൊവിഡ് മരണം ഔദ്യോഗിഗമായി സ്ഥിരീകരിച്ചു. 65 വയസ്സുകാരനായ സെൽവമണിയാണ് ഇന്ന് മരിച്ചത്.