India Kerala

മേയര്‍ ബ്രോ എം.എല്‍.എ ബ്രോ ആകുമ്പോള്‍ അനന്തപുരിയില്‍ അടുത്തതാര്?

മേയര്‍ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് വിജയിച്ചതോടെ തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവം. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക കൗണ്‍സിലറുമായ കെ. ശ്രീകുമാറിനാണ് മുന്‍ഗണന. സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലത, ആര്‍.പി ശിവജി തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.

തലസ്ഥാന നഗരമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള പദവിയാണ് തിരുവനന്തപുരം നഗരസഭ മേയര്‍. നഗരപിതാവ് എന്ന നിലയിലെ ശ്രദ്ധേയമായ പ്രകടനമാണ് അഡ്വ വി.കെ പ്രശാന്തിന് തുണയായതും എം.എല്‍.എ പദവിയിലേക്ക് വഴിയൊരുക്കിയതും. മേയര്‍ ബ്രോ എം.എല്‍.എ ബ്രോ ആകുമ്പോള്‍ വരുന്ന ഒഴിവ് നികത്തുക സി.പി.എമ്മിന് അത്ര എളുപ്പമാവില്ല. നൂറംഗ നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കെ ആ പദവിയേറ്റെടുക്കുന്നതും വെല്ലുവിളി നിറഞ്ഞതാണ്. മുതിര്‍ന്ന അംഗമെന്ന നിലയിലും പാര്‍ട്ടിയിലെയും കൗണ്‍സിലര്‍മാര്‍ക്കിടയിലെയും സ്വാധീനവുമാണ് കെ. ശ്രീകുമാറിന് മുന്‍തൂക്കം നല്‍കുന്നത്. തുടക്കത്തില്‍ മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന ശ്രീകുമാറിനെ തഴഞ്ഞാണ് പ്രശാന്തിനെ മേയറാക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവാണെന്നത് അദ്ദേഹത്തിന് പ്രതികൂലമാവാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇക്കാര്യം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ജില്ല കമ്മിറ്റി അംഗമായ പുഷ്പലത നെടുംങ്കാട് വാര്‍ഡ് കൗണ്‍സിലറും നിലവില്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനാണ്. കോര്‍പറേഷനില്‍ അടുത്ത ടേമില്‍ മേയര്‍ പദവി വനിത സംവരണമായതിനാല്‍ ഇപ്പോള്‍ വനിതയെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായവും ഉയര്‍ന്നേക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുന്നതും പരിഗണിക്കും. തര്‍ക്കങ്ങള്‍ ഉണ്ടാവുകയും യുവാവ് എന്ന പരിഗണന നല്‍കുകയും ചെയ്താല്‍ കുന്നുകുഴി കൗണ്‍സിലര്‍ ഐ.പി ബിനുവിനു നറുക്കു വീഴാം