തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്. സംസ്ഥാന സർക്കാരിൻറെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ. ( thiruvananthapuram airport adani group )
പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻറെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നൽകിയത്. എയർപോർട്ട് റീജണൽ എക്‌സിക്യൂട്ടീവ് ഡയറക്ടരറും അദാനി ഗ്രൂപ്പിലെ ഉന്നതരും മൊമ്മോറണ്ടം ഓഫ് അണ്ടർസ്റ്റാറ്റിംങ് കരാറിൽ പരസ്പരം ഒപ്പ് വച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനിയുടെ കൈകളിലേക്കെത്തി. വിമാനത്തവളത്തിന്റെ താക്കോൽ രൂപത്തിലൂള്ള മാതൃക എയർപോർട്ട് ഡയറക്ടർ അദാനി ഗ്രൂപ്പ് അധികൃതകർക്ക് കൈമാറി. കൈമാറ്റ ചടങ്ങിന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ജീവനക്കാരെ പ്രത്യേകം ക്ഷണിച്ചിരുന്നുവെങ്കിലും ജീവനക്കാർ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. വിമാനത്താവളം എറ്റെടുത്ത അദാനി ഗ്രൂപ്പ്, നാളെ രാവിലെ വിമാനത്താവളത്തിൽ പ്രത്യേക പൂജകൾക്കായുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം അദാനിഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തിയതോടെ, എയർപോർട്ട് ഡയറക്ടർ പദവി ഇല്ലാതായി. ചീഫ് എയർപോർട്ട് ഓഫിസറാകും ഇനി മുതൽ വിമാനത്തവളത്തിലെ ഉന്നത അധികാരി. ആന്ധ്ര സ്വദേശിയായ ജി.മധുസൂദനറാവുവിനെയാണ് ഈ പദവിയിൽ അദാനി ഗ്രൂപ്പ് നിയോഗിച്ചിരിക്കുന്നത്. എയർപോർട്ട് അതോറിറ്റിയുമായി സഹകരിച്ചാകും വിമാനത്താവളത്തിൻറെ ആദ്യ ഒരുവർഷത്തെ നടത്തിപ്പ്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന നിലവിലെ പേര് മാറ്റേണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.