Kerala

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം: ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 519 പേർക്ക്

തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടയ്‍ന്‍മെന്‍റ് സോണുകളെ ഒഴിവാക്കി അവിടങ്ങളെ കണ്ടയ്‍‌‍‍ൻമെന്‍റ് സോണാക്കി കളക്ടർ ഉത്തരവിറക്കി

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുകയാണ്. ഇന്നലെ മാത്രം 519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്നലെ 145 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. അതേസമയം തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളെ ഒഴിവാക്കി അവിടങ്ങളെ കണ്ടയ്‍‌‍‍ൻമെന്‍റ് സോണാക്കി കളക്ടർ ഉത്തരവിറക്കി.

തലസ്ഥാനത്ത് ഇന്നലെ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലയില്‍ പുതുതായി 2,508 പേര്‍ കൂടി നിരീക്ഷണത്തിലായി. തിരുവനന്തപുരം നഗരസഭാ പരിധിയിൽ കാലടി വാർഡിലെ മുദ്രാ നഗർ, കുര്യാത്തി വാർഡിലെ ചെട്യാർമുക്ക്, നെട്ടയം വാർഡിലെ ചീനിക്കോണം എന്നിവയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഇരുമ്പിൽ പാങ്ങോട് ഗ്രാമ പഞ്ചാത്തിലെ മണക്കോട് നന്ദിയോട് പഞ്ചാത്തിലെ കാളിപ്പാറ, നന്ദിയോട് എന്നിവിടങ്ങളെ പുതിയതായി കണ്ടെയ്ൻമെന്റ് സോണാക്കി.

ഇവിടങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ ബാധകമായിരിക്കില്ല. 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി. ഇന്നും ജയിലിൽ പരിശോധന തുടരും.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളെ കണ്ടെയിൻമെന്‍റ് സോണുകളാക്കി മാറ്റി കൊണ്ടാണ് തീരപ്രദേശത്ത് പുതിയ ഇളവുകൾ നിലവിൽ വന്നത്. ഇവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യബന്ധനം നടത്താം. മത്സ്യച്ചന്തകൾക്ക് പ്രവർത്തന അനുമതിയില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെ എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാം.