പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം.
അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂര്‍ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ് ചെറുപൂരങ്ങള്‍ എത്തുന്നത്.
നാലിന് ജയറാം ഉള്‍പ്പെടെ 111ലധികം വാദ്യകലാകാരന്മാരാണ് പഞ്ചാരിമേളത്തിലും കുടമാറ്റത്തിലും പങ്കെടുക്കുന്നത്. 24നാണ് പത്താം ഉത്സവം. ആനപ്രേമികള്‍ക്കും മേള പ്രേമികള്‍ക്കും കണ്ണും കാതും മനസ്സും നിറയ്ക്കുന്ന ഗജരാജ സംഗമവും മേളവും അരങ്ങേറും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പൂരം ചടങ്ങുകള്‍ മാത്രമാക്കി ഒതുക്കിയിരുന്നു.
പൂരത്തോടനുബന്ധിച്ച് പൊലീസും ക്ഷേത്രസമിതിയും ചേര്‍ന്ന് വലിയ സുരക്ഷയാണ് തിരുനക്കരയില്‍ ഒരുക്കിയിട്ടുള്ളത്. പൂരത്തോട് അനുബന്ധിച്ച് ബുധനാഴ്ച ഉച്ചമുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗ നിയന്ത്രിക്കും. ഉച്ചയ്ക്ക് ശേഷം പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.