വൻ ജനക്കൂട്ടമാണ് തിരുനക്കര മൈതാനത്ത് കെ.എം മാണിയ്ക്ക് അന്ത്യാജ്ഞലി നൽകാനെത്തിയത്. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളും മാണിയ്ക്ക് ആദരം അർപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കര മൈതാനെത്താൻ നിശ്ചയിച്ചിരുന്ന സമയം. എന്നാൽ എത്തിയതാകട്ടെ ഇന്ന് പുലർച്ചെ 1 മണിക്കും.13 മണിക്കൂറിലേറെ സമയം കടുത്ത ചൂടും സഹിച്ച് ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിനെ അവസാനമായി കാണാൻ കാത്തിരുന്നത്. വിലാപയാത്ര തിരുനക്കരയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലെത്തിയതോടെ അണികളുടെ അന്ത്യാഭിവാദനം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം സുധീരൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സുരേഷ് കുറുപ്പ്, ജസ്റ്റിസ് കെ.ടി തോമസ്,എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒന്നര മണിക്കുർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുനക്കര മൈതാനത്തിന് തൊട്ടടുത്തുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിച്ചു. പിന്നീട് പുലർച്ചെ മൂന്നു മണിയോടെ വിലാപയാത്ര മാണിയുടെ സ്വന്തം തട്ടകമായ പാലായിലേക്ക്..