Kerala

തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് കുറവില്ല; കാസര്‍കോടും രോഗികള്‍ കൂടുന്നു

സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കോവിഡ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5 വലിയ ക്ലസ്റ്ററുകൾ ജില്ലയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 6 പൊലീസുകാർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. കോർപറേഷൻ മേയറും സ്വയം നിരീക്ഷണത്തിലാണ്.

രോഗ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1000 കടന്നു. ജില്ലയില്‍ ഉറവിടം അറിയാത്ത കേസുകളും കൂടുന്നു. കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പൊലീസ് നിയന്ത്രണം കര്‍ശനമാക്കി.

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 106 പേര്‍ക്ക്. 98 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 21 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 8 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. കാസര്‍കോട് മാര്‍ക്കറ്റ്, ചെര്‍ക്കള, മംഗല്‍പാടി മൂന്നാം വാര്‍ഡ്, കുന്പള മാര്‍ക്കറ്റ്, മഞ്ചേശ്വരം 11മുതല്‍ 14 വരെ വാര്‍ഡുകള്‍, നാട്ടക്കല്ല്, നീര്‍ച്ചാല്‍, കുമ്പള വാര്‍ഡ് ഒന്ന് എന്നിവയാണ് ക്ലസ്റ്ററുകള്‍. ഇതില്‍ കാസര്‍കോട് മാര്‍ക്കറ്റില്‍ 70ഉം ചെര്‍ക്കളയില്‍ 44 ഉം കുന്പള വാര്‍ഡ് ഒന്നില്‍ 28ഉം കുമ്പള മാര്‍ക്കറ്റില്‍ 24ഉം നാട്ടക്കല്ലില്‍ 23ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇത് വരെ 1226 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ഘടത്തില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 1048 ആയി. ഇതില്‍ 538പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കോവിഡ് ബാധിച്ചത്.

നിലവില്‍ 529 പേര്‍ ചികിത്സയിലുണ്ട്. സമ്പര്‍ക്ക കേസുകളും ഉറവിടം വ്യക്തമല്ലാത്ത കേസുകളും വര്‍ദ്ധിച്ചതോടെ ജില്ലയില്‍ പൊലീസ് നിയന്ത്രണം കര്‍ശനമാക്കി. വീട് വിടാന്തരം കയറിയുള്ള വില്‍പന പൊലീസ് നിരോധിച്ചു. കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഉറവിടം അറിയാതെ കോവിഡ് സ്ഥിതികരിച്ചതോടെ പരാതികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനങ്ങളിലാക്കി. ക്വാറന്‍റൈനില്‍ ലംഘനം നിരീക്ഷിക്കാന്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.